കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ സമരം തുടരുമ്പോൾ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ പ്രധാന ഒപികളില്‍ കഴിഞ്ഞ രണ്ടുദിവസവും എത്തിയ രോഗികളുടെ എണ്ണം കുറവായിരുന്നു.
ശരാശരി നാലായിരത്തിലധികം രോഗികളെത്താറുള്ള വ്യാഴാഴ്ച പകുതി ആളുകള്‍ മാത്രമാണ് എത്തിയതെന്നാണ് കണക്ക്. ഇന്നലെയും സ്ഥിതി വ്യത്യസ്തമല്ല. എത്തുന്ന രോഗികളിൽ പലരും മറ്റ് ആശുപത്രികളിൽനിന്ന് റഫർചെയ്ത് വന്നവരാണ്. മറ്റുചിലർ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റാകാൻ എത്തിയവരും.
ഒപിയിൽ പിജി ഡോക്ടർമാരാണ് ഇവരെ പരിശോധിച്ചത്. പിജി ഡോക്ടർമാരോട് എന്ന് ശസ്ത്രക്രിയചെയ്യാൻ സാധിക്കുമെന്ന് ചോദിച്ചാൽ സമരംകഴിഞ്ഞുമാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന മറുപടിയാണ് കിട്ടുന്നതെന്ന് രോഗികൾ പറയുന്നു. കടുത്ത നിരാശയോടെയാണ് രോഗികൾ മടങ്ങുന്നത്. ഇവർക്കാർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും സാധിക്കില്ല.
ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന പല ശസ്ത്രക്രിയകളും മെഡിക്കൽ കോളജിലാകുമ്പോൾ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം നടത്താൻസാധിക്കും. അതേസമയം, കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഡോക്ടർമാരുടെ സമരം തുടരുകയാണ്. സമരം തുടരുന്നത് മെഡിക്കല്‍ കോളജില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുറപ്പാണ്. ഡോക്ടര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ കോളജിന് മുന്നില്‍ സമരം നടത്തി. സമരത്തിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.